Sunday, May 19, 2024
spot_img

കാഞ്ഞിരപ്പള്ളിയെ വിറപ്പിച്ച് കാട്ടുപോത്ത്!! പോത്ത് കാട് കയറിയെന്ന് വനം വകുപ്പ്; ഇല്ലെന്ന് നാട്ടുകാർ

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് കാടിറങ്ങിയ കാട്ടുപോത്തിനെ 3 ദിവസം രാത്രിയും പകലും അരിച്ചു പെറുക്കിയിട്ടും പൊടിപോലും കണ്ടെത്താനായില്ല. പോത്ത് വനാതിർത്തിയിൽ എത്തിയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പ് അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ മാസം 28നാണ് ഇടക്കുന്നം സിഎസ്ഐ പള്ളി മേഖലയിലാണ് കാട്ടുപോത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. രാവിലെ ജനവാസ മേഖലയിൽ കണ്ട പോത്തിനെ നാട്ടുകാർ ഓടിച്ചു വിടാൻ പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും പോത്തിന് ഒരു കുലുക്കവുമുണ്ടായില്ല.പിന്നീട് രാത്രി എട്ടരയോടെ പുരയിടത്തിലെ കിണറ്റിൽ പോത്ത് വീണു. പിറ്റേന്നു രാവിലെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി പോത്തിനെ കരയ്ക്കു കയറ്റി. ശേഷം വെടിയുതിർത്തു ശബ്ദമുണ്ടാക്കി വിരട്ടിയോടിച്ചു. പിറ്റേന്ന് പോത്ത് വനാതിർത്തിയിലെത്തിയതായും വനം വകുപ്പ് അറിയിച്ചു. എന്നാൽ ഇക്കഴിഞ്ഞ 6 ന് വൈകിട്ട് ആറരയോടെ ഏതാനും കിലോമീറ്റർ മാറി വാക്കപ്പാറയിൽ പ്രത്യക്ഷപ്പെട്ട പോത്ത് യുവാവിനെ ആക്രമിച്ചു. ഈ പോത്ത് കിണറ്റിൽ വീണ കാട്ടുപോത്തു തന്നെയാണു സംശയിക്കുന്നു.

കഴിഞ്ഞ 2 ദിവസമായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് റിലേ പട്രോളിങ്ങും നടത്തിയിട്ടും പോത്തിനെ കഴിഞ്ഞില്ല. മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങളായതിനാൽ ഡ്രോൺ ഉപയോഗിച്ചു തിരയുന്നത് പ്രാവർത്തികമല്ലെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ ‍പറഞ്ഞു.

Related Articles

Latest Articles