Sunday, June 2, 2024
spot_img

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത് പ്രകടനം നടത്തുന്ന ആം ആദ്മി പാര്‍ട്ടി തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് എ.എ.പി രാജ്യസഭാംഗം സ്വാതി മലിവാള്‍.

നിര്‍ഭയക്ക് നീതി ലഭിക്കാന്‍ നാമെല്ലാവരും തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പേള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അപ്രത്യക്ഷമാക്കുകയും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാന്‍ നമ്മള്‍ തെരുവിലിറങ്ങുകയാണെന്ന് മലിവാള്‍ പറഞ്ഞു. മനീഷ് സിസോദിയക്ക് വേണ്ടി താന്‍ ഇത്രയും ശക്തി ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ തനിക്കിങ്ങനെ സംഭവിക്കുകയില്ലായിരുന്നുവെന്നും മലിവാള്‍ കൂട്ടിചേര്‍ത്തു.

സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ ശനിയാഴ്ചയാണ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബൈഭവിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മെയ് 13ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് ബൈഭവ് കുമാര്‍ മലിവാളിനെ മര്‍ദിച്ചെന്നാണ് പരാതി .

സ്വാതി മലിവാളിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ബൈഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.സ്വാതിയുടെ വയറ്റില്‍ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എ.സി.പി പി.എസ്. കുഷ്വാഹയുടെ നേതൃത്വത്തില്‍ ദില്ലി പോലീസിന്റെ രണ്ടംഗസംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈഭവിനെതിരെ കേസെടുത്തത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയത്.

Related Articles

Latest Articles