സിഡ്‌നി: മത്സ്യബന്ധനത്തിനിടെ കാണാതായ വയോധികന്റെ മൃതദേഹാവശിഷ്ടം ഇയാൾ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന പുഴയിലെ രണ്ടു മുതലകളുടെ വയറ്റിലായി കണ്ടെത്തി. ലൗറ സ്വദേശിയായ കെവിന്‍ ഡാര്‍മോഡി എന്ന 65 വയസ്സുകാരനാണ് ദാരുണമായ അന്ത്യമുണ്ടായത്. ക്വീന്‍സ്‌ലാന്‍ഡിലെ പുഴയിലാണ് സംഭവം.
ഇക്കഴിഞ്ഞ ശനിയാഴ്ച കെവിന്‍ ഉള്‍പ്പെടുന്ന സംഘം മത്സ്യബന്ധനത്തിനായി വടക്കേ ക്വീന്‍സ്‌ലാന്‍ഡ് മേഖലയിലെത്തുന്നത്. ഇവർക്കെതിരെ മുതലകൾ പാഞ്ഞെടുത്തെങ്കിലും അവയെ തുരത്തിയ ശേഷം മത്സ്യബന്ധനം തുടരുകയായിരുന്നു. എന്നാൽ ഇതിനിടെ കെവിന്‍ വെള്ളത്തില്‍ വീഴുകയും കാണാതാകുകയുമായിരുന്നു.
ഏറെ നേരത്തെ സംഘാങ്ങൾ നടത്തിയ തിരച്ചിലിനു ശേഷവും ഇയാളെ കാണാതായതോടെ അന്വേഷണം മുതലകളിലേക്കെത്തുകയായിരുന്നു. തുടർന്ന് റേഞ്ചര്‍മാര്‍ രണ്ടു മുതലകളെ വെടിവെച്ചു കൊന്ന ശേഷം നടത്തിയ പരിശോധനയില്‍ മുതലകളുടെ വയറ്റില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

