Saturday, June 1, 2024
spot_img

സംശയരോഗം; യുവതിയെ കൊന്ന് തലവെട്ടിമാറ്റി മൃതദേഹം സ്യൂട്ട്കേസിലാക്കി കടലിൽ തള്ളിയ ഭർത്താവും ഭർതൃസഹോദരനും പിടിയിൽ

മുംബൈ : യുവതിയെ കൊന്ന് തലവെട്ടിമാറ്റി മൃതദേഹം സ്യൂട്ട്കേസിലാക്കി കടലിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും പിടിയിലായി. മുംബൈയിലെ നൈഗാവിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. നൈഗാവ് സ്വദേശിനിയായ അഞ്ജലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മിന്റു സിങ്, ഇയാളുടെ സഹോദരൻ ചുഞ്ചുൻ എന്നിവരെയാണ് മിര ഭയന്ദർ വസായ് വിരാർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തിന്റെ ഇടതുകൈയിൽ പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ഉത്താൻ ബീച്ചിൽ ഒരു യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കരയ്ക്കടിഞ്ഞത്. സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെട്ട പ്രഭാതസവാരിക്കാരൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തിതുറന്ന് പരിശോധിച്ചപ്പോഴാണ് തലയില്ലാതെ രണ്ടായി മുറിച്ചനിലയിലുള്ള ശരീരം കണ്ടെത്തിയത്. മൃതദേഹം പരിശോധിക്കുന്നതിനിടെ, മരിച്ചയാളുടെ ഇടതുകൈയിൽ പച്ചകുത്തിയ ‘ഓം’, ‘ത്രിശൂലം’ എന്നിവ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

ഇത് തുമ്പായതോടെ മരിച്ചയാളുടെ കൈയിലെ രണ്ടു ചിഹ്നങ്ങളും പച്ചകുത്തിയ ആളെ കണ്ടെത്താന്‍ പൊലീസ് നായ്ഗാവ് പ്രദേശത്തെ 40-ലധികം ടാറ്റൂ കലാകാരന്മാരെ ചോദ്യം ചെയ്തു. തുടർന്ന് ഒരു ടാറ്റൂ കലാകാരൻ നൽകിയ വിവരം അനുസരിച്ച് കൊല്ലപ്പെട്ടത് നൈഗാവ് ഈസ്റ്റിലെ രാജ് എമറാൾഡ് സൊസൈറ്റിയിലെ താമസക്കാരിയായ അഞ്ജലി സിങ് (27) ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അഞ്ജലിയുടെ ഭർത്താവ് മിന്റുവിനെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കേറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഞ്ജലി ഇടയ്ക്കിടെ തനിച്ച് പുറത്തുപോകാറുണ്ടായിരുന്നു. ഇതോടെ സംശയരോഗിയായ മിന്റു ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിക്കാൻ തുടങ്ങി. ഇതു സംബന്ധിച്ച് ഇരുവരും തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ മാസം 24നും സമാനമായ തർക്കമുണ്ടായി. തർക്കത്തിനിടെ മിന്റു, അഞ്ജലിയുടെ തല ചുമരിൽ ഇടിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് സഹോദരൻ ചുഞ്ചുവിന്റെ സഹായത്തോടെ ഒരു വലിയ കത്തി വാങ്ങി ഇരുവരും ചേർന്ന് അഞ്ജലിയുടെ മൃതദേഹം രണ്ടായി മുറിച്ചു. തല വേർപെടുത്തി. മൃതദേഹത്തിന്റെ രണ്ട് കഷണങ്ങളും സ്യൂട്ട്കേസിൽ നിറച്ചു. ശേഷം സ്‌കൂട്ടറിൽ സ്യൂട്ട്കേസ് നൈഗാവിനടുത്തുള്ള കടലിൽ ഉപേക്ഷിച്ചു. തല മറ്റൊരിടത്ത് ഉപേക്ഷിച്ചു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ തല കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജൂൺ എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Related Articles

Latest Articles