തൃശൂർ : ലഹരി മരുന്നുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്ത കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഇവരിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് ഷീലയിൽനിന്ന് പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞത്. ഇതോടെ യുവതിയുടെ നിരപരാധിത്വം വ്യക്തമായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്ഡി സ്റ്റാംപുമായി പിടികൂടിയെന്നറിയിച്ചു കൊണ്ടുള്ള ചാലക്കുടിയിലെ എക്സൈസ് ഓഫിസിന്റെ വാർത്താക്കുറിപ്പ് പുറത്തിറങ്ങിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ്, പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.
ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇരുചക്ര വാഹനത്തിൽനിന്ന് ലഹരിമരുന്ന് സഹിതം ഷീലയെ പിടികൂടിയതെന്നും ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപാണ് പിടികൂടിയതെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപനയെന്നും ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എത്തിച്ചതെന്നുമായിരുന്നു എക്സൈസ് ഭാഷ്യം

