Tuesday, December 23, 2025

കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയി; ഫോട്ടോ എടുക്കാനെന്ന പേരിൽപാലത്തിന് മുകളിൽ കയറ്റി നിർത്തിയ ശേഷം തള്ളിയിട്ട് കൊല്ലാൻ ശ്രമം; തന്ത്രപരമായ ഇടപെടലിൽ രക്ഷപ്പെട്ട് പെൺകുട്ടി!

അമരാവതി: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും പാലത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമം. ആന്ധ്രയിലാണ് ക്രൂര കൃത്യം നടന്നത്. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ.

രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്നാണ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. എന്നാൽ കൂട്ടത്തിലുള്ള പത്ത് വയസ്സുകാരി പാലത്തിന് അരികിലുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നു.

പൈപ്പിൽ തൂങ്ങിക്കിടന്ന് കുട്ടി ഉടുപ്പിന്‍റെ പോക്കറ്റിലുള്ള ഫോണെടുത്ത് 100-ൽ വിളിക്കുകയും സ്ഥലത്തേയ്ക്ക് അതിവേഗം എത്തിയ പോലീസ് പൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. എന്നാൽ പുഴയിൽ വീണ അമ്മയേയും കുഞ്ഞിനേയും ഒഴുക്കിൽപെട്ട് കാണാതാവുകയും ചെയ്തു. അമ്മയ്ക്കും ഒരു വയസ്സുള്ള കുഞ്ഞിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പെണ്‍കുട്ടിയാണ് പോലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ തന്ത്രപരമായ ഇടപെടലിലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പോലീസ് പറയുന്നു.

Related Articles

Latest Articles