Sunday, December 21, 2025

കൊലയ്ക്ക് പിന്നിൽ മുൻ വൈരാഗ്യം? കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ചതില്‍ കൊലപാതകക്കുറ്റം ചുമത്തും; പ്രതി ഒളിവിൽ തന്നെ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ലാസ്സുകാരൻ മരിച്ചതില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും. മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി പ്രിയരഞ്ജന് എതിരെ നടപടി. നിലവിൽ നരഹത്യക്കാണ് കേസ്. ഒളിവിൽ
കഴിയുന്ന പ്രതിക്കായുള്ള അന്വേഷണം പോലീസ് ഉർജ്ജിതമാക്കിയിട്ടുണ്ട്.

പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പോലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കൾ ഇക്കാര്യം മൊഴിയായി നൽകിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയര‍ഞ്ജനെതിരെ കേസെടുക്കുകയായിരുന്നു. അപകട ശേഷം വണ്ടി ഉപേക്ഷിച്ചു കടന്ന്‌ കളഞ്ഞ പ്രിയരഞ്ജനെക്കുറിച്ച് ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല. ആദിശേഖറിന്‍റെ അകന്ന ബന്ധു കൂടിയാണ് പ്രിയരഞ്ജൻ. കാട്ടാക്കട ചിന്മയ വിദ്യാലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിശേഖർ.

Related Articles

Latest Articles