Tuesday, May 7, 2024
spot_img

നാളെ നിയമസഭാ സമ്മേളനം; പുതുപ്പള്ളിയുടെ കരുത്തിൽ കോൺഗ്രസ് ! കരുവന്നൂർ കുംഭകോണം ഉൾപ്പെടെ സർക്കാർ വിയർക്കുമ്പോൾ പ്രതിപക്ഷം കത്തിക്കയറുമോ ? സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി വിജയത്തിന് ശേഷം ആദ്യമായി നാളെ നിയമസഭയിലെത്തുന്ന ചാണ്ടി ഉമ്മൻ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും.

അതേസമയം, പുതുപ്പള്ളിയിൽ കൈവരിച്ച വിജയം പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. അതുകൊണ്ട് തന്നെ നാളെ നടക്കാൻ പോകുന്ന ചടങ്ങ് ആവേശത്തോടെയാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തുന്ന സാഹചര്യത്തിൽ ഇപ്പോൾ സർക്കാരിന് നേരെ ഉയർന്നു വന്നിരിക്കുന്നത് കരുവന്നൂർ കുംഭകോണമാണ്. കോടികൾ കടത്തിയത് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ എന്ന മൊഴിയാണ് ഇപ്പോൾ സർക്കാരിന് കുരുക്കായി മാറിയിരിക്കുന്നത്. ഇ.ഡി കോടതിയിൽ സമർപ്പിച്ച സാക്ഷിമൊഴികളിലാണ് ഇതുള്ളത്.

ബാങ്കിൽ നിന്നു പല തവണയായി കോടികൾ കടത്തിയതായി സാക്ഷികളിൽ പലരും മൊഴി നൽകിയിട്ടുണ്ട്. 3 കോടിയോളം രൂപ വായ്പയായി എടുത്ത് 3 ബാഗിലാക്കി കടത്തുമ്പോൾ വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലർമാരും സിപിഎം നേതാക്കളുമായ മധു അമ്പലപുരം, പി.ആർ. അരവിന്ദാക്ഷൻ എന്നിവർ കൂടെയുണ്ടായിരുന്നു എന്നാണ് ഒരു മൊഴി. രണ്ടു പേരും എ.സി. മൊയ്തീനുമായി നല്ല അടുപ്പമുള്ളവരാണ്. രണ്ടു പേരെയും ഇ.ഡി.ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യേണ്ടി വന്നാൽ എത്തണമെന്നു ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇതുകൂടാതെ മാസപ്പടി വിവാദവും സർക്കാരിനെ പ്രതിപക്ഷത്തിന് മുന്നിൽ ഉത്തരം മുട്ടിക്കും. വിവാദങ്ങളിലും സർക്കാരിന് നേരെ ഉയരുന്ന ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം പാലിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതികരിച്ചിരുന്നു. എന്നാൽ പുതുപ്പള്ളി വിജയത്തിൽ നിൽക്കുന്ന പ്രതിപക്ഷം നാളെ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് സാധ്യത. ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന ആരോപണങ്ങൾ ഓരോന്നായി പ്രതിപക്ഷം സർക്കാരിനോട് ആരായും ? കൃത്യമായി അന്വേഷണം നടത്തിയാൽ മുഖ്യൻ ഉൾപ്പെടെ കുടുങ്ങുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആൾക്കൂട്ടങ്ങളുടെ പ്രിയനേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ട് നേടി ഭൂരിപക്ഷവും റെക്കോർഡിലെത്തിച്ച് ചാണ്ടി ഉമ്മൻ വിജയിച്ചപ്പോൾ പതിനാലായിരത്തിലധികം വോട്ട് ആണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നിന്നും ഇടതുപക്ഷത്തിന് നഷ്ടമായത്.

Related Articles

Latest Articles