Friday, December 19, 2025

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപ പ്രസംഗം; മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. പ്രസംഗത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രസ്‌താവന അങ്ങേയറ്റം സ്‌ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു. കുണ്ടൂർ അത്താണിയിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ വിവാദ പരാമർശം. മുഖ്യമന്തിയെ പുകഴ്ത്തുന്നതാണ് ആരോഗ്യ മന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും വിവരവുമില്ലാത്ത വ്യക്തിയാണ് മന്ത്രി വീണയെന്നുമായിരുന്നു ഷാജി പറഞ്ഞത്.

‘തന്റെ കർമ്മരംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്‌ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ച് കെ എം ഷാജി അപമാനിച്ചത്. ഇത്തരത്തിൽ രാഷ്‌ട്രീയ അശ്ളീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

അനുചിതമായ പ്രസ്‌താവനയിൽ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കുതന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നതെന്ന് തെളിയിക്കാൻ. മുൻപ് നമ്പൂതിരി സമുദായത്തിൽ ഉണ്ടായിരുന്ന ‘സ്‌മാർത്തവിചാരം’ എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്‌ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’ എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസിൽ നിന്ന് തികട്ടിവന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും ഇത്തരം പിന്തിരിപ്പൻ ചിന്താഗതി വച്ചുപുലർത്തുന്ന കെ എം ഷാജിയെ പോലെയുള്ളവരെ ഒറ്റപ്പെടുത്താൻ നമ്മുടെ സമൂഹം തയ്യാറാവണം’- വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു.

Related Articles

Latest Articles