Wednesday, December 24, 2025

ഒടുവിൽ തോൽവി സമ്മതിച്ച് എൽഡിഎഫ് സർക്കാർ !ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടി ആദ്യം റദ്ദാക്കിയിരുന്ന യുഡിഎഫ് കാലത്തെ വൈദ്യുതി കരാറിലേക്ക് മടങ്ങാൻ മന്ത്രിസഭാ തീരുമാനം!

തിരുവനന്തപുരം : ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന ദീർഘകാല കരാറാണ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉന്നതതല സമിതിയും കരാറുകള്‍ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108–ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സർക്കാരിന് കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

എന്നാല്‍ വില കുറഞ്ഞ ഈ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പുതിയ കരാറിന് ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ കുറയുകയും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തത്. ഇതിനിടെ മറ്റ് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പഴയ കരാറിനെക്കാള്‍ വലിയ തുകയാണ് അവര്‍ മുന്നോട്ട് വച്ചത്. ദീർഘകാല കരാറിലൂടെ 3 കമ്പനികളിൽ നിന്നാണ് യൂണിറ്റിന് 4.26 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി കേരളം 7 വർഷമായി വാങ്ങിയിരുന്നത്. കരാറിലൂടെ 17 വർഷത്തേക്ക് 4.29 രൂപയ്ക്കും (350 മെഗാവാട്ട്) 4.15 രൂപയ്ക്കും (115 മെഗാവാട്ട്) വൈദ്യുതി ലഭിക്കുമായിരുന്നു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയത്. ഇതോടെ, കരാറിലേർപ്പെട്ടിരുന്ന കമ്പനികൾ വൈദ്യുതി നൽകാൻ വിസമ്മതിച്ചു.

ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവര്‍ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് 4.26രൂപയ്ക്ക് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയതോടെ കെഎസ്ഇബി വിവിധ ടെണ്ടറുകൾ വിളിച്ചെങ്കിലും യൂണിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇതോടെ വൈദ്യുതി ബോർഡ്, റദ്ദാക്കിയ കരാര്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുകയായിരുന്നു.

Related Articles

Latest Articles