കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം പിടിയിൽ. സിഐഎസ്എഫ് അസി. കമൻഡാന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. പ്രതികൾ 60 തവണ സ്വർണ്ണം കടത്തിയതായി പോലീസ് കണ്ടെത്തി.
നവീനൊപ്പം സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ലിസ്റ്റ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കൈവശം നിന്ന് പോലീസ് കണ്ടെടുത്തു.
മലപ്പുറം എസ്പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് സംഘത്തെ പിടികൂടിയത്. ഉദ്യോഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകൾ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണ്ണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥർ നിരവധി സാമ്പത്തിക ഇടപാടുകൾ നടത്തിയതിനും തെളിവുകളുണ്ട്.

