Tuesday, December 23, 2025

നടുറോഡിൽ യുവാക്കളുടെ പരാക്രമം; കെ എസ് ആർ ടി സി ബസ് തടഞ്ഞ് പോർവിളി; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്; ഒളിവിൽ കഴിയുന്ന യുവാക്കൾക്കായി അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടയുകയും നടുറോഡിൽ പോർവിളി നടത്തുകയും ചെയ്ത യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു യുവാക്കളുടെ പരാക്രമം. രാത്രി പ്രതികളുടെ മുഖം തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാൽ അജ്ഞാതർ എന്ന തരത്തിലാണ് കേസെടുത്തിരിക്കുന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കെ എൽ-01-എസ്- 3510 ടൊയോട്ടാ ക്വാളിസ് കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾ നിലവിൽ ഒളിവിലാണ്.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കേശവദാസപുരത്തിന് സമീപത്ത് വെച്ചാണ് യുവാക്കൾ ബസ് കടന്നു പോകാൻ അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസിന് കുറുകെ കാറോടിച്ച് പല പ്രാവശ്യം തടസ്സം സൃഷ്ടിക്കുകയും ഇടക്കിടെ സഡൻ ബ്രേക്കിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മല്ലപ്പള്ളിയിൽ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്നു ബസ്.

സംഭവ സമയത്ത് നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ അഭ്യാസങ്ങൾ അതിരുകടന്നപ്പോൾ ഡ്രൈവർ ബസ് നിർത്തുകയും യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ സമയം കാറിൽ നിന്നിറങ്ങിയ യുവാക്കൾ ബസിന് മുന്നിൽ പോർവിളി നടത്തി. കൂടാതെ ബസിനുള്ളിൽ കയറിയും ബഹളം വച്ചു. ഇത് ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെയും യുവാക്കൾ തർക്കിച്ചു.

എന്നാൽ ബസിലെ ഒരു യാത്രക്കാരനുമായി നേരത്തെ തർക്കമുണ്ടാകുകയും ഇയാളെ തിരഞ്ഞാണ് യുവാക്കൾ എത്തിയതെന്നും വിവരമുണ്ട്. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മടങ്ങി. യാത്രാ തടസ്സമുണ്ടാക്കിയതിനും ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിച്ചതിനുമാണ് യുവാക്കൾക്ക് നേരെ പേരൂർക്കട പോലീസ് കേസെടുത്തത്.

Related Articles

Latest Articles