താലിബാന്റെ ഇടക്കാല ആഭ്യന്ത്രമന്ത്രിയും ആഗോള ഭീകരനുമായ സിറാജുദ്ദീൻ ഹഖാനി, കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്‌പോർട്ട് എന്ന് റിപ്പോർട്ട്. അഫ്ഗാൻ പിടിച്ചെടുക്കുന്നതിനും യുഎസ് സൈനികരെ പുറത്താക്കുന്നതിനും മുമ്പ് അമേരിക്കയുമായുള്ള ദോഹ ഉടമ്പടി ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചയാളാണ് വിവിധ ഏജൻസികൾ ആഗോള ഭീകരനാക്കി കണക്കാക്കുന്ന സിറാജുദ്ദീൻ ഹഖാനി. വിദേശയാത്രകൾ സുഖമമായി നടക്കുന്നതിനാണ് പാകിസ്താന്റെ വ്യാജ പാസ്‌പോർട്ട് ഇയാൾ കൈവശം വച്ച് ഉപയോഗിച്ച് വരുന്നതെന്നാണ് വിവരം. ദോഹയിലേക്കുള്ള ഒരു യാത്രയ്ക്കിടെ പെഷവാർ ആസ്ഥാനമായുള്ള ഒരു പത്രപ്രവർത്തകനാണ് ഈ രഹസ്യം കണ്ടെത്തിയത്. ഇമിഗ്രേഷൻ കൗണ്ടറിൽ സിറാജ്ജുദ്ദീൻ പാകിസ്താൻ പാസ്‌പോർട്ട് ആണ് നൽകിയത്. റിപ്പോർട്ടുകൾ അനുസരിച്ച് പാക് പ്രവശ്യകളായ ഖൈബർ പഖ്തൂൺഖ, ബലൂചിസ്ഥാൻ, സിന്ധ് എന്നിവടങ്ങളിൽ നിന്ന് ഈ രീതിയിലുള്ള വ്യാജ പാസ്‌പോർട്ടുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ട്. 30,000 മുതൽ 40,000 വരെ അഫ്ഗാൻ പൗരന്മാർ പാകിസ്താൻ പാസ്‌പോർട്ടുകളാണ് ഉപയോഗിച്ച് വരുന്നതത്രേ.
താലിബാൻ്റെ പല ഉന്നത നേതാക്കളും പണ്ട് വ്യാപകമായി പാക് പാസ്പോർട്ട് ആണ് ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. സൗദി അറേബ്യയും പാസ്‌പോർട്ടിലെ ഈ അപാകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗദിയിൽ ജോലി തേടിയെത്തിയ അഫ്ഗാൻ പൗരന്മാരിൽ ചിലരുടെ പാസ്‌പോർട്ട് പാകിസ്താന്റേതാണ്. ഏകദേശം 12,000 ത്തോളം വരും ഇത്. വ്യാജമെന്ന് കണ്ടെത്തിയതോടെ ഈ ആളുകളുടെ പാസ്‌പോർട്ട് അസാധുവാക്കുകയും അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയായിരുന്നു സൗദി. സംഭവം വിവാദമായതോടെ പാകിസ്താൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തലയ്‌ക്ക് കോടികൾ വാഗ്ദാനം ചെയ്തതുമായ വ്യക്തിയാണ് സിറാജുദ്ദീൻ ഹഖാനി. താലിബാൻ നേതാവ് എന്നതിന് പുറമെ ഹഖാനി ശൃംഖലയുടെ നേതാവ് കൂടിയാണ് സിറാജുദ്ദീൻ ഹഖാനി. അമേരിക്കയ്‌ക്ക് നേരെ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത് ഹഖാനി വിഭാഗക്കാർ ആയിരുന്നു. എന്നാൽ ഹഖാനി എന്നൊരു സംഘം ഇല്ലെന്നാണ് താലിബാൻ ഭീകരർ പറയുന്നത്. അതേസമയം, സിറാജുദ്ദീൻ ഹഖാനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി ഡോളർ എഫ്ബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.

