ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. കേരളത്തില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്ക്ര്‍ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു . ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു.
ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്‍റെ ജന്മദിനം ചാറ്റധ്യാദിനമായി ആഘോഷിക്കുന്നു.
” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.”മതമേതായാലുംമനുഷ്യ൯ നന്നായാല്‍ മതി”എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍
ക്ഷത്രിയരടക്കമുള്ളനായര്‍,അമ്പലവാസി,ശൂദ്രനായര്‍,വെള്ളാളര്‍ തുടങ്ങിയവര്‍ സവര്‍ണ്ണര്‍ എന്നും കമ്മാളര്‍ ,ഗണകര്‍ തുടങ്ങി ചിലവര്‍ രണ്ടിലും ചേരാത്തതായും ഈഴവര്‍ അതിനു താഴെ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവര്‍ണ്ണ ജാതിക്കാര്‍ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീര്‍ന്നു.
ബ്രാഹ്മണര്‍ ജന്മികളായിത്തീരുകയും കര്‍ഷകരായ അവര്‍ണ്ണ ജാതിക്കാര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാന്‍ വ്യവസ്ഥകള്‍ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മര്‍ദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവര്‍ണ്ണ ജാതിക്കാരുടെ മേല്‍ നടത്തിയിരുന്ന സാമ്ബത്തിക ചൂഷണങ്ങള്‍. അടിക്കടിയുള്ള യുദ്ധങ്ങള്‍ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോള്‍ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവര്‍ണ്ണരില്‍ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്.
കൂടാതെ വീടുമേയുക, മീന്‍പിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവര്‍ണ്ണയുവതികളില്‍നിന്നും മുലക്കരം പിരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാര്‍ന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു.
ജാതിയുടെ ഏറ്റക്കുറച്ചില്‍ നോക്കിയാണ് കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അവര്‍ണ്ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷകള്‍ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവയവങ്ങള്‍ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തില്‍ നിന്നും കമ്ബിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവര്‍ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
അവര്‍ണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളില്‍ പലതും അനുഷ്ഠിച്ചു പോന്നു. സവര്‍ണ്ണ ദൈവങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവാത്ത എല്ലാ വര്‍ഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ് ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അര്‍പ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകള്‍. ആരോഗ്യസംരക്ഷണത്തിന് പല അധഃകൃത വര്‍ഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.
താരതമ്യേന ഉയര്‍ന്ന് നിന്നിരുന്ന ജാതികളില്‍ പോലും പല സാമൂഹ്യ അനാചാരങ്ങള്‍ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകള്‍ ആഭിജാത്യം കാണിക്കാനായി ആഡംബരപൂര്‍വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികള്‍. വിവാഹം, മരണാനന്തര ക്രിയകള്‍, തുടങ്ങിയവക്ക് ഈഴവര്‍ക്കിടയില്‍ വ്യക്തമായരീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
പ്രധാന ക്ഷേത്രങ്ങള്‍ എല്ലാം തന്നെ നമ്പൂതിരിമാരുടെയും നായന്‍മാരുടെയും കൈവശാവകാശത്തിലായിരുന്നു.അവര്‍ണ്ണ ജാതിക്കാരായ ഈഴവര്‍ക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാല്‍ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാല്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവര്‍ണ്ണര്‍ തൊട്ടാല്‍ ഉണ്ടാവുന്ന അശുദ്ധി മാറാന്‍ നസ്രാണിയെക്കൊണ്ട് തൊടീച്ചാല്‍ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദന്‍ “കേരളം ഒരു ഭ്രാന്താലയം” എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങള്‍.
ഡോ. പല്പു, സഹോദരന്‍ അയ്യപ്പന്‍, ടി.കെ. മാധവന്‍, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തവരാണ്.

