ഭുവനേശ്വര്‍: മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ചൂഷണംചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിയായ സത്യജിത് മനഗോബിന്ദ് സാമാല്‍(34) എന്നയാളെയാണ് ഭുവനേശ്വര്‍ പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടുവര്‍ഷത്തിനിടെ അന്‍പതോളം സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഇരകളായ രണ്ട് സ്ത്രീകളുടെ പരാതിയിലാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹവാഗ്ദാനം നല്‍കിയാണ് സത്യജിത് യുവതികളെ കബളിപ്പിച്ചിരുന്നത്. വിവാഹമോചിതരായി വീണ്ടും വിവാഹാലോചനകള്‍ നോക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇന്റലിജന്‍സ് ബ്യൂറോയിലാണ് ജോലിയെന്നുമാണ് മാട്രിമോണിയല്‍ പ്രൊഫൈലില്‍ പ്രതി അവകാശപ്പെട്ടിരുന്നത്. പിന്നാലെ സ്ത്രീകളുമായി ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിക്കും. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിക്കും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യും. പലതവണകളായി വന്‍തുക കടമായി വാങ്ങുകയുംചെയ്യും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി പണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് വന്‍തുകകള്‍ സ്ത്രീകളില്‍നിന്ന് തട്ടിയെടുത്തിരുന്നത്. എന്നാല്‍, സ്ത്രീകള്‍ പണം തിരിച്ചുചോദിച്ചാല്‍ നേരത്തെ പകര്‍ത്തിയ സ്വകാര്യവീഡിയോ പ്രചരിപ്പിക്കുമെന്നും കേസില്‍ കുടുക്കുമെന്നും പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പോലീസ് പറഞ്ഞു.

