കലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലേത് പോലെ ഇന്ത്യയിലും ഒരു ദിവസം ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി ആക്രമിക്കുമെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ സിംഗ് വർമ്മ.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആയിരക്കണക്കിന് കലാപകാരികൾ ധാക്കയിലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചതിന് പിന്നാലെയായിരുന്നു സജ്ജൻ സിംഗ് വർമ്മയുടെ വിവാദ പരാമർശം.ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു നേതാവിന്റെ വാക്കുകൾ അതിരു വിട്ടത്.
“നരേന്ദ്രമോദി ഓർക്കുക, ഒരു ദിവസം, ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൈവശപ്പെടുത്തും. അടുത്തിടെ അത് ശ്രീലങ്കയിൽ സംഭവിച്ചു. പിന്നെ ബംഗ്ലാദേശിൽ, ഇനി ഇന്ത്യയുടെ ഊഴമാണ്,” – സജ്ജൻ സിംഗ് പറഞ്ഞു.
വർമ്മയുടെ പരാമർശത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. കോൺഗ്രസ് നേതാവിനെതിരെ “ദേശവിരുദ്ധ” ഭാഷയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. സംഭവത്തിൽ സജ്ജൻ സിംഗിനെതിരെ പോലീസിൽ പരാതി നൽകിയതായും 140 കോടി ഇന്ത്യക്കാരുടെ വികാരം വർമ്മ വ്രണപ്പെടുത്തിയെന്നും ഭാരതീയ ജനതാ യുവമോർച്ച ഇൻഡോർ സിറ്റി പ്രസിഡൻ്റ് സൗഗത് മിശ്ര പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടം പിടിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സമാന പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും കുരുക്കിലായിരുന്നു. ബംഗ്ലാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഭാരതത്തിലുമുണ്ടാകുമെന്നായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രസ്താവന .
പ്രസ്താവനയിൽ വിമർശനം ശക്തമായതോടെ സൽമാൻ ഖുർഷിദിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, ബംഗ്ലാദേശിലെ വിഷയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമുള്ളതാണെന്നും പറഞ്ഞ് പ്രതിരോധം തീർക്കാൻ കോൺഗ്രസ് എംപി മാണിക്കം അടക്കം ഉള്ളവർ രംഗത്ത് വന്നിരുന്നു.

