ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ് ഖുദാ ബക്ഷ് ചൗധരിയാണ് ഏറ്റവും ഒടുവിൽ രാജിവെച്ചത്. കഴിഞ്ഞ വർഷത്തെ ജൂലൈ പ്രക്ഷോഭത്തിലെ നിർണ്ണായക സാന്നിധ്യമായിരുന്ന ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കിടയിലാണ് മുൻ പോലീസ് മേധാവി കൂടിയായ ഖുദാ ബക്ഷ് ചൗധരിയുടെ പടിയിറക്കം. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹത്തിന്റെ രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കാബിനറ്റ് സെക്രട്ടറി ഷെയ്ഖ് അബ്ദുർ റഷീദ് ഒപ്പിട്ട ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിഡന്റ് അറിയിച്ചു.
ഒസ്മാൻ ഹാദിയുടെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ‘ഇൻക്വിലാബ് മഞ്ചും’ പ്രക്ഷോഭകാരികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന ഹാദിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, കുറ്റവാളികളെ പിടികൂടുന്നതിലെ പുരോഗതിയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും അല്ലാത്തപക്ഷം രാജിവെക്കണമെന്നും ഇൻക്വിലാബ് മഞ്ച് 24 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. ജൂലൈ പ്രക്ഷോഭത്തിൽ സജീവമായിരുന്ന സംഘടനയുടെ കൺവീനറായിരുന്ന ഒസ്മാൻ ഹാദിയ്ക്ക്, ഡിസംബർ 12-ന് ധാക്കയിൽ വെച്ചാണ് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് ഹാദി മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ നവംബർ 10-നാണ് ഖുദാ ബക്ഷ് ചൗധരി മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനായത്. എന്നാൽ ഹാദിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ക്രമസമാധാന നില തകരാറിലായതും അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. രാജി അംഗീകരിച്ചതായി മുഖ്യ ഉപദേഷ്ടാവിന്റെ പ്രസ് വിംഗ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാജിയുടെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ഹാദിയുടെ മരണത്തിൽ ധാക്കയിലെ ഷാബാഗ് ഇന്റർസെക്ഷനിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

