കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി ദുരന്ത മേഖലയിൽ സമാനതകളില്ലാത്ത സുരക്ഷയൊരുക്കി എസ് പി ജി. ദുരന്തമേഖലകൾ അദ്ദേഹം റോഡ് മാർഗ്ഗമെത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ ദുരന്ത മേഖലയിലെ മലനിരകളിലേക്ക് പ്രധാനമന്ത്രി നടന്നുപോകുന്ന അവസ്ഥ ഒരിക്കലുമുണ്ടാകരുത് എന്ന കർശന നിർദ്ദേശം എസ് പി ജി നൽകിയിരുന്നു. തുടർന്നാണ് ദുരന്ത മേഖലകളിൽ വ്യോമ നിരീക്ഷണം മതിയെന്ന തീരുമാനം വന്നത്. എന്നാൽ വെള്ളാർമല സ്‌കൂളും ബെയ്‌ലി പാലവും അദ്ദേഹത്തിന്റെ സന്ദർശന പരിപാടിയിലുണ്ട്. സന്ദർശന മേഖലകളിൽ മാദ്ധ്യമങ്ങൾക്ക് പോലും പ്രവേശനമില്ല. എസ് പി ജി ക്ക് പുറമെ 12 എസ് പി മാരുടെ നേതൃത്വത്തിൽ 2000 ത്തിലധികം പോലീസുകാരാണ് സുരക്ഷയൊരുക്കുന്നത്.

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ തന്നെ ഗതാഗത നിയന്ത്രണമുണ്ട്. കൽപ്പറ്റ, മേപ്പാടി, ചൂരൽമല മേഖലകളിലെല്ലാം കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. ഇവിടങ്ങളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പിലും, പരിക്കേറ്റവരെ കാണുന്ന ആശുപത്രിയിലും അവലോകന യോഗം നടക്കുന്ന കളക്ടറേറ്റും കനത്ത സുരക്ഷാ വലയത്തിലാണ്.

ഇന്ന് രാവിലെ 10. 53 നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തോടൊപ്പം കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുമുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം വ്യോമസേനാ ഹെലികോപ്റ്ററിൽ അദ്ദേഹം കൽപ്പറ്റയ്ക്ക് പോയി. മുഖ്യമന്ത്രിയും ഗവർണറും സംസ്ഥാന ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ അനുഗമിച്ചു. വ്യോമ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ഇപ്പോൾ ബെയ്‌ലി പാലവും ചൂരൽമലയിലെ വിവിധ മേഖലകളും സന്ദർശിക്കുകയാണ്.

