Wednesday, October 21, 2026

ദുരന്തഭൂമിയിൽ നടന്ന് കയറി… തീവ്രത നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി ; വെള്ളാർമല സ്‌കൂളിലും സന്ദർശനം

കൽപറ്റ :ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമല,മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്‌കൂളിലും അദ്ദേഹം എത്തി.

പ്രധാനമന്ത്രിക്ക് അധിക വിവരണം നൽകാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘവും സ്ഥലത്ത് സന്നിഹിതരായിരുന്നു.സ്‌കൂളിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും കുട്ടികളുടെ വിവരങ്ങളും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് റോഡ് മാർഗമാണ് എത്തിയത്. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. ശേഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല–പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി.പിന്നാലെയാണ് കൽപറ്റ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രി ചൂരൽമലയിലേക്ക് മടങ്ങുകയായിരുന്നു.

ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ടായിരുന്നു. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും.ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നേരിൽക്കാണും. മേപ്പാടി ആശുപത്രിയിൽ കഴിയുന്ന അരുൺ, അനിൽ, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദർശിക്കുന്നത്. ചെളിക്കൂനയിൽ അകപ്പെട്ട് മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ചയാളാണ് അരുൺ, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനിൽ.

Related Articles

Latest Articles