Tuesday, December 16, 2025

സിദ്ദീഖിന് കനത്ത തിരിച്ചടി; ബലാത്സംഗ കേസിൽ നടന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റ് ഉടൻ?

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി. സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സിദ്ദീഖ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം.

വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. അടിസ്ഥാനനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം, സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Related Articles

Latest Articles