കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത് തന്നെ. ആറാം ദിവസവും സിദ്ദിഖിനായുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം.
സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് കീഴടങ്ങും. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം. മാദ്ധ്യമങ്ങളെ ഒഴിവാക്കിയുള്ള രഹസ്യ നീക്കത്തിനാണ് ശ്രമം.

