തിരുവനന്തപുരം : മംഗലാപുരത്ത് ഇരുപതുകാരിയെ വീട്ടിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസ് വേറെയും ഉണ്ട്
കേബിൾ ജോലിക്കായി കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന ഇവർ ഇന്നലെ ഉച്ചയോടെയാണ് നഴ്‌സിംഗ് വിദ്യാർത്ഥിനി കൂടിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
സഹോദരൻ വീട്ടിൽ നിന്ന് പോയ തക്കം നോക്കി വീട്ടിലെത്തിയ പ്രതികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായിൽ തുണികുത്തി തിരുകി. ഇടക്ക് കുതറിമാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ സംഭവമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടി മൊഴി നൽകിയതോടെ മണിക്കൂറുകൾക്കകം പോലീസ് താൽകാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

