ഇറാഖിലെ ശൈശവ വിവാഹങ്ങൾക്കുറിച്ചുള്ള ആശങ്ക ഉയർത്തിക്കൊണ്ട് വിവാഹിതയും ഗർഭിണിയുമായ 9 വയസുകാരിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബാഗ്ദാദിൽ നിന്നുള്ള
സാഹിറ ഹമീല എന്ന പെൺകുട്ടി നിറവയറുമായി നിൽക്കുന്ന വീഡിയോയായണ് വൈറലായിരിക്കുന്നത്.
ഇറാഖ് വിവാഹ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നുണ്ടെന്നും സ്ത്രീകളുടെ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സിൽ നിന്ന് 9 വയസ്സായി കുറയ്ക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് നിറവയറുമായി നിൽക്കുന്ന 9 വയസുകാരിയുടെ വീഡിയോ പ്രചരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പുതിയ നിയമ ഭേദഗതി പെൺകുട്ടികൾക്കെതിരായ ചൂഷണങ്ങൾ വൻ തോതിൽ വർധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ അഭിപ്രായപ്പെടുന്നത്.
അതേസമയം വീഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഇറാഖ് ഭരണകൂടത്തിനെതിരെ ഉയരുന്നത്. ഇത്തരം പരിഷ്കാരങ്ങൾ മനുഷ്യാവകാശങ്ങൾ ലംഘിക്കുമെന്നും അസമത്വവും ദുരുപയോഗവും പ്രോത്സാഹിപ്പിക്കുമെന്നും പലരും വാദിക്കുന്നു. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇറാഖിലെ വിവാഹ നിയമങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ലോകത്തെയൊന്നാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

