എറണാകുളം: പകുതിവില തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരൻ സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദകുമാർ ആണെന്ന് ഇപ്പോൾ കസ്റ്റഡിയിലുള്ള അനന്തു കൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയതായി സൂചന. സന്നദ്ധ സംഘടനകളുടെ കൂട്ടായ്‌മയുടെ ചെയർമാൻ ആനന്ദകുമാർ ആണെന്ന് പുറത്തിറങ്ങിയ അനന്തു മാദ്ധ്യമങ്ങളോട് പറയുകയും ചെയ്‌തു. പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ആനന്ദകുമാർ ഒന്നാം പ്രതിയാണ്.
തിരുവനന്തപുരം ആസഥാനമായി പ്രവർത്തിക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ എൻ ആനന്ദകുമാർ. ഈ സ്ഥാപനത്തിൻ കീഴിലുള്ള 100 കോടി രൂപയുടെ പദ്ധതിയാണ് തോന്നയ്ക്കലിലെ സായിഗ്രാമം. സത്യ സായി ബാബയുടെ അനുവാദത്തോടെ 1996 ൽ ആരംഭിച്ച സ്ഥാപനം എന്ന് ട്രസ്റ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യസായി ബാബ ആശ്രമവുമായി ബന്ധമില്ലെന്ന് പ്രശാന്തി നിലയം അറിയിച്ചു.
അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇപ്പോൾ കസ്റ്റഡിയിലുള്ള അനന്തുവിനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്‌തു. നിർണ്ണായക വിവരങ്ങൾ അനന്തു കൃഷ്ണനിൽ നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. രാഷ്ട്രീയക്കാരായ ഉന്നതർ ഉൾപ്പെട്ട കേസ് ആയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കോടതിയെ അറിയിച്ചു. കോടതി അത് പരിഗണിക്കുകയും ചെയ്‌തു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി.
അതേസമയം അനന്തു കൃഷ്ണനിൽ നിന്ന് പണംവാങ്ങിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടൻ രംഗത്തുവന്നു. മാത്യുവും എ എൻ രാധാകൃഷ്‌ണനും പണം വാങ്ങിയിട്ടില്ലെന്ന് അനന്തുവും മാദ്ധ്യമങ്ങളോട് പറഞ്ഞു. പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തുടനീളം 34000 പേർ തട്ടിപ്പിനിരയായതായാണ് കണക്ക്. കേസ് ഉടൻ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.

