Tuesday, September 29, 2026

കളമശ്ശേരി സ്ഫോടനം ഭീകരാക്രമണമെന്ന് സൂചന? കുറ്റപത്രം സമർപ്പിച്ച കേസിൽ പുനരന്വേഷണം നടത്താൻ പോലീസിനെ പ്രേരിപ്പിച്ചത് ഫോൺ പരിശോധനാ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ; ഡൊമനിക് മാർട്ടിനെ വിദേശത്ത് നിന്ന് നിയന്ത്രിച്ചു ?

കൊച്ചി: കുറ്റപത്രം സമർപ്പിച്ച കളമശ്ശേരി സ്‌ഫോടനക്കേസിൽ പുനരന്വേഷണം നടത്താൻ പോലീസിനെ പ്രേരിപ്പിച്ചത് ഫോൺ പരിശോധനാ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങളെന്ന് സൂചന. പ്രതി ഡൊമനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച രീതികൾ ചിത്രങ്ങൾ സഹിതം വിദേശ ഫോൺ നമ്പറിലേയ്ക്ക് അയച്ചു എന്നാണ് കണ്ടെത്തൽ. ദുബായിലെ ഒരു നമ്പറിലേക്കാണ് മാർട്ടിൻ വിവരങ്ങൾ കൈമാറിയത്. ഇത് കുറ്റകൃത്യത്തിൽ വിദേശ ബന്ധമുണ്ടെന്ന സൂചനയാണെന്ന് വിലയിരുത്തിയാണ് അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം പോലീസ് തേടിയത്.

ജനുവരി 29 നാണ് അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടാൻ സർക്കാർ പൊലീസിന് അനുമതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കുറ്റപത്രം നൽകിയ കേസിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. കേസിൽ ഏക പ്രതി ഡൊമനിക് മാർട്ടിനാണെന്ന വിലയിരുത്തലിലായിരുന്നു പോലീസ്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണ്ണായക വിവരം ഇപ്പോൾ ലഭിച്ചത്. വിദേശ നമ്പർ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ഇയാളെയും പ്രതിചേർക്കും.

ഡൊമനിക് മാർട്ടിൻ ഏറെനാൾ ദുബായിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് മത തീവ്രവാദികളുടെ വലയിൽ ഇയാൾ പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് നടക്കുക. സ്ഫോടനം നടത്തുന്ന സമയത്ത് പ്രതി ഡൊമനിക് മാർട്ടിനെ വിദേശത്തു നിന്ന് ആരെങ്കിലും നിയന്ത്രിച്ചിരുന്നോ എന്ന സംശയമാണ് ഫോൺ പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉയർത്തുന്നത്.

2023 ഒക്ടോബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി സാമ്ര കൺവെൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിലാണ് ഐ ഇ ഡി സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ആറുപേർ സംഭവ സ്ഥലത്തും രണ്ടുപേർ ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. താനാണ് സ്ഫോടനം നടത്തിയത് എന്ന് വെളിപ്പെടുത്തിപ്രതി ഡൊമനിക് മാർട്ടിൻ ഫേസ്ബുക്ക് ലൈവ് ചെയ്യുകയും പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. ഇയാൾ ഇപ്പോൾ കാക്കനാട് ജയിലിലാണ്.

Related Articles

Latest Articles