ദില്ലി : കാനഡ ആതിഥേയത്വം വഹിക്കുന്ന G 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കായികനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്. കാനഡയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് ആശംസകള്‍ പങ്കുവെച്ചതിനൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ താന്‍ സമ്മതം അറിയിച്ചതായി പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഈ മാസം 15 മുതല്‍ 17 വരെയാണ് കാനഡയിലെ കനാനസ്‌കിസിൽ 51-ാമത് ജി-7 ഉച്ചകോടി നടക്കുക. ജി-7 അമ്പത് വര്‍ഷം തികച്ചു എന്നതും ഇത്തവണ നടക്കുന്ന ഉച്ചകോടിയെ പ്രത്യേകതയുള്ളതാക്കുന്നു. പരിപാടികളില്‍ യൂറോപ്യന്‍ യൂണിയനും പങ്കെടുക്കും.
‘കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയില്‍നിന്നും ഒരു ഫോണ്‍കോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. അടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ അദ്ദേഹത്തെ പ്രശംസിച്ചു. മാത്രമല്ല, ഈ മാസം അവസാനം കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ചു. നല്ല മനുഷ്യര്‍ മുഖേന പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകും. ഉച്ചകോടിയിലെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്രമോദി ‘എക്‌സി’ല്‍ കുറിച്ചു.
മുൻപ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കാര്‍ണി അധികാരത്തില്‍ എത്തിയപ്പോള്‍തന്നെ പറഞ്ഞിരുന്നു.

