Friday, December 26, 2025

ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയെ കൊന്ന് കുഴിച്ചുമൂടിയത് ! തമിഴ്‌നാട്ടിലെ വനപ്രദേശത്ത് നിന്ന് ജഡം കണ്ടെത്തി; പ്രതികൾ അറസ്റ്റിലായതായി വിവരം

ചേരമ്പാടി: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തമിഴ്‌നാട് ചേരമ്പാടി പോലീസും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ തമിഴ്‌നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി.കൊലപാതക കാരണം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തിരച്ചില്‍ നടന്ന സമയത്ത് പ്രതികളും പോലീസിനൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്നത് തമിഴ്‌നാട്ടിൽ വച്ചായതിനാൽ അവിടെ വെച്ച് പോസ്റ്റ്​മോർട്ടം നടത്തിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കഴിഞ്ഞ വർഷം മാര്‍ച്ച് 20-നാണ് കാണാതാകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാടിനടുത്ത് നടപ്പാലത്ത് വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇയാൾ . ഹേമചന്ദ്രനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും പണം കൊടുക്കുവാനുള്ളവരിൽ നിന്നും സമ്മർദ്ദം കാരണം മാറിനിൽക്കുകയാണോ എന്നൊക്കെയുള്ള സംശയത്തിലായിരുന്നു പോലീസ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹേമചന്ദ്രനെ പെൺസുഹൃത്ത് വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് കണ്ടെത്തി.

പിന്നാലെ മാടാക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ് കുമാർ, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി.എസ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേരളാ-തമിഴ്നാട് അതിർത്തിയിലെ വനത്തിൽ പോലീസ് പരിശോധന നടത്തിയത്.

Related Articles

Latest Articles