Monday, November 16, 2026

പാക് നടി മരിച്ചത് കഴിഞ്ഞ ഒക്ടോബറിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ! ആരോരുമറിയാതെ മൃതദേഹം ഫ്‌ളാറ്റിൽ കിടന്നത് 9 മാസം !! ഹുമൈറ അസ്ഗർ അലിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: കറാച്ചിയിലെ ഫ്‌ളാറ്റിൽ പാകിസ്ഥാനി നടി ഹുമൈറ അസ്ഗർ അലിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നടി മരിച്ചത് 9 മാസം മുമ്പെന്ന് കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് അഴുകി ജീർണ്ണിച്ച അവസ്ഥയിൽ ഹുമൈറയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

നടിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും ഇവർ ഫോൺ അവസാനമായി ഉപയോഗിച്ചത് 2024 ഒക്ടോബറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ ഒക്ടോബറിലാകാം ഇവർ മരിച്ചിട്ടുണ്ടാകുക എന്നാണ് പോലീസിന്റെ നിഗമനം. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഒക്ടോബറിൽ ഇവരുടെ ഫ്ളാറ്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഫ്‌ളാറ്റിൽ നടി താമസിച്ചിരുന്ന നിലയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദുർഗന്ധം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫ്ളാറ്റിലെ ബാൽക്കണികളിലൊന്നിന്റെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു.

ഏഴുവർഷം മുൻപാണ് ഹുമൈറ ലഹോറിൽനിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്നും സഹോദരൻ നവീദ് പറഞ്ഞു. ഒന്നരവർഷം മുൻപാണ് അവസാനമായി ലഹോറിലെ വീട്ടിലെത്തിയത്. വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമ നൽകിയ പരാതിയാണ് നടിയുടെ മരണവിവരം പുറത്തറിയാൻ കാരണമായത്. പൊലീസ് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles