Wednesday, December 24, 2025

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് . ഇന്ന് രാവിലെ 9.05-ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ രണ്ട് ടയറുകള്‍ക്കാണ് തകരാറുണ്ടായത്. ലാന്‍ഡിങ്ങിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലതുഭാഗത്തെ ടയറും നോസ് വീലും പൊട്ടിയതായി സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഒരുമണിക്കൂറോളം റൺവേ അടച്ചിട്ടു. വിമാനം ഇറക്കുന്നതിന് മുന്‍പ് തന്നെ സിയാല്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും അടിയന്തര സേവന സംഘങ്ങളും വിമാനക്കമ്പനി ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് എന്തോ വസ്തു തട്ടിയത് കാരണം ടയറിന് കേടുപാട് സംഭവിച്ചെന്ന് സംശയം തോന്നിയെന്നും ഇതിനാലാണ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടതെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് എത്തിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാമേഖലകളിലും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ഇന്ത്യ വക്താവ് അറിയിച്ചു.

Related Articles

Latest Articles