കൊച്ചി: ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന സർക്കാർ വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് കൃത്യമായി ക്ഷണിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. “പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെയാണ് ക്ഷണിക്കേണ്ടത്, അല്ലാതെ മരുമകനെയല്ല. ഏതൊക്കെ മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് വിയോജിപ്പ് അറിയിക്കാതിരുന്നത്?എന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി റിയാസിന് പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ ഏഴു ദിവസം മുൻപേ ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടികയിൽ തനിക്ക് പങ്കില്ലെന്നും, ഒരു മുൻ കേന്ദ്രമന്ത്രി എന്ന നിലയിലാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നാടിന്റെ വികസനത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചടങ്ങ് ബഹിഷ്കരിക്കാനുള്ള മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

