ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ മുന്നണിയിലെ തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വിമർശനവുമായി ആർഎസ്പി രംഗത്തെത്തി.
ഘടകകക്ഷികളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് സ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ മുന്നോട്ടുപോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ച ‘ടീം യുഡിഎഫ്’ എന്ന കൂട്ടായ്മ ഭരണത്തിലും പ്രതിഫലിക്കുന്നില്ലെന്നാണ് വിമർശനം. അധികാര പങ്കിടലിലും സ്ഥാനമാനങ്ങൾ വീതംവയ്ക്കുന്നതിലും അസന്തുലിതാവസ്ഥയുണ്ടെന്ന വികാരമാണ് ചില ഘടകകക്ഷികൾക്കിടയിൽ ശക്തമാകുന്നത്.
അതേസമയം, ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ മാണി സി. കാപ്പനും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതും സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിലെ അനിശ്ചിതത്വവും മുന്നണിക്കുള്ളിലെ അസംതൃപ്തി വർധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ ഐക്യം ഭരണകാലത്ത് കാണാനില്ലെന്ന വിമർശനം ശക്തമാകുമ്പോൾ യുഡിഎഫിന് മുന്നിലെ പുതിയ വെല്ലുവിളിയായി ഘടകകക്ഷികളുടെ അതൃപ്തി മാറുകയാണ്.

