തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ചടങ്ങിലെ കീഴ്വഴക്കങ്ങളെച്ചൊല്ലി ഡിഎംകെ രംഗത്തെത്തിയപ്പോൾ, തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ മുൻ സർക്കാരിനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങൾ വിജയ് ഉന്നയിച്ചു. ഇതിന് പിന്നാലെ വിജയ്യെ ടാഗ് ചെയ്തുകൊണ്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കുവെച്ച കുറിപ്പും ചർച്ചയായിരിക്കുകയാണ്.
വിപുലമായ ചടങ്ങുകളോടെയാണ് വിജയ് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിജയ്യുടെ കുടുംബാംഗങ്ങൾ, ടിവികെ പ്രവർത്തകർ, സിനിമാ താരങ്ങൾ തുടങ്ങിയ വലിയൊരു നിര തന്നെ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴ് തായ് വാഴ്ത്ത് (സംസ്ഥാന ഗാനം) ആലപിച്ച ക്രമത്തെച്ചൊല്ലി ഡിഎംകെ വിമർശനം ഉന്നയിച്ചു. ഗാനം മൂന്നാമതായാണ് ആലപിച്ചതെന്നും ഇത് തമിഴ് സംസ്കാരത്തോടുള്ള അവഹേളനമാണെന്നും ഇതാണോ വിജയ് ഉദ്ദേശിച്ച ‘മാറ്റം’ എന്നും ഡിഎംകെ എംപി പി. വിൽസൺ ചോദിച്ചു.
സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ മുൻ ഡിഎംകെ സർക്കാരിനെതിരെ വിജയ് ആഞ്ഞടിച്ചു. ഖജനാവ് കാലിയാക്കിക്കൊണ്ടാണ് മുൻ സർക്കാർ പടിയിറങ്ങിയതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക നില അങ്ങേയറ്റം വഷളാണെന്നും വിജയ് ആരോപിച്ചു. ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും താൻ തൊടില്ലെന്ന് ഉറപ്പുനൽകിയ വിജയ്, അഴിമതി നടത്താൻ ആർക്കെങ്കിലും ആലോചനയുണ്ടെങ്കിൽ അത് ഇവിടെ ഉപേക്ഷിക്കണമെന്നും കർശന മുന്നറിയിപ്പ് നൽകി. പൊതുജനത്തിന്റെ പണം സംരക്ഷിക്കാനായിരിക്കും തന്റെ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
വിജയ് യുടെ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായാണ് എം.കെ. സ്റ്റാലിൻ രംഗത്തെത്തിയത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിജയ്യുടെ അക്കൗണ്ട് നേരിട്ട് ടാഗ് ചെയ്തുകൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഖജനാവിൽ പണമില്ലെന്ന് പറഞ്ഞു തുടങ്ങരുതെന്നും കോവിഡും പ്രളയവും കേന്ദ്രത്തിന്റെ അവഗണനയും അതിജീവിച്ചാണ് തങ്ങൾ അഞ്ചു വർഷം ഭരിച്ചതെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു. അനുവദനീയമായ പരിധിക്കുള്ളിൽ നിന്നാണ് കടമെടുത്തതെന്നും ഫെബ്രുവരിയിലെ ബജറ്റിൽ വ്യക്തമാക്കിയ സാമ്പത്തിക സ്ഥിതി അറിഞ്ഞുകൊണ്ടല്ലേ വിജയ് വാഗ്ദാനങ്ങൾ നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കരുതെന്ന് ഓർമ്മിപ്പിച്ച സ്റ്റാലിൻ, പ്രായോഗികമായി പദ്ധതികൾ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിജയ് ഇനി മനസ്സിലാക്കുമെന്നും താൻ അതിനായി കാത്തിരിക്കുകയാണെന്നും കുറിച്ചു. ഇതാദ്യമായാണ് വിജയ് യുടെ പേരെടുത്തു പറഞ്ഞ് സ്റ്റാലിൻ ഇത്തരമൊരു പരസ്യ പ്രതികരണം നടത്തുന്നത്. ടിവികെയുടെ ഔദ്യോഗിക അക്കൗണ്ടിന് പകരം വിജയ്യുടെ വ്യക്തിഗത അക്കൗണ്ട് ടാഗ് ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയം കൂടുതൽ കടുപ്പമേറിയ പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു.

