Thursday, October 22, 2026

അനിശ്ചിതത്വത്തിന്റെ ‘മുദ്രവെച്ച കവർ’ ഇന്ന് തുറക്കും; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഉച്ചയ്ക്ക് അറിയാം

തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കടുത്ത അനിശ്ചിതത്വങ്ങൾക്കും അത്യന്തം നാടകീയമായ ചർച്ചകൾക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ആരെയും പിണക്കാതെയുള്ള ഒരു പ്രത്യേക സമവായ ഫോർമുലയാണ് ഡൽഹിയിൽ തയ്യാറായിരിക്കുന്നതെന്നാണ് സൂചന. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ഉയർന്നുനിൽക്കുമ്പോഴും അന്തിമ തീരുമാനം ഹൈക്കമാൻഡ് അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.

പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ ഈ കവർ തുറന്ന് പുതിയ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതേ സമയം തന്നെ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളെയും ഹൈക്കമാൻഡ് തീരുമാനം നേരിട്ട് അറിയിക്കാനാണ് നീക്കം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന കെ.സി വേണുഗോപാൽ നിലവിൽ ദില്ലിയിലെ തന്റെ വസതിയിലാണുള്ളത്. അദ്ദേഹം നിയുക്ത മുഖ്യമന്ത്രിയായാണോ അതോ എഐസിസി പ്രതിനിധിയായിട്ടാണോ യോഗത്തിൽ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല. പ്രഖ്യാപനത്തിന് പിന്നാലെ ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, പ്രചാരണത്തിന് നേതൃത്വം നൽകിയ വി.ഡി സതീശന്റെയും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെയും വസതികൾക്ക് മുന്നിൽ വൻതോതിൽ പ്രവർത്തകർ തടിച്ചുകൂടുന്നത് പാർട്ടി നേതൃത്വത്തെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.

പാർട്ടിക്കുള്ളിൽ ഭിന്നതകളുണ്ടെന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കൊണ്ട് നേതാക്കൾ ഒരുമിച്ചു നിൽക്കുന്ന ‘ടീം യുഡിഎഫ്’ എന്ന സന്ദേശം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ വാർത്തകൾ ചോരാതെ അതീവ ജാഗ്രതയോടെയാണ് ഹൈക്കമാൻഡ് നീക്കങ്ങൾ നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്ദിരാ ഭവനിൽ നിന്ന് ‘വെളുത്ത പുക’ ഉയരുമെന്ന പ്രതീക്ഷയിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ ലോകം.

Related Articles

Latest Articles