രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന് നാഗ്പൂരിൽ നടക്കും. ചരിത്രപരമായ രേശിംബാഗ് മൈതാനത്ത് രാവിലെ 7.40-നാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. പ്രമുഖ മാധ്യമപ്രവർത്തകനും ‘ദൈനിക് ജാഗരൺ’ ചീഫ് എഡിറ്ററുമായ സഞ്ജയ് ഗുപ്ത ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും രാജ്യത്തിന്റെ വർത്തമാന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ഭാവി ദിശാബോധത്തെക്കുറിച്ചുമുള്ള സുപ്രധാന വിജയദശമി സന്ദേശം നൽകുകയും ചെയ്യും.
വിജയദശമി ദിനത്തിൽ ആർഎസ്എസ് സർസംഘചാലക് നടത്തുന്ന പ്രഭാഷണം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് രേവാച്ച് തുടങ്ങിയ പ്രമുഖ നയതന്ത്ര വിദഗ്ദ്ധരും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഭാരതീയ ചിന്തകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ തെളിവുകൂടിയാണ് ഇസ്രായേൽ കോൺസൽ ജനറലിന്റെ സാന്നിധ്യമെന്ന് ദേശീയ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
1925-ൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ നാഗ്പൂരിൽ തുടക്കം കുറിച്ച ആർഎസ്എസ് എന്ന പ്രസ്ഥാനം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായി വളർന്നു പന്തലിച്ചിരിക്കുകയാണ്. നൂറ്റാണ്ട് പിന്നിടുന്ന സംഘപ്രസ്ഥാനത്തിന്റെ സമർപ്പിത സേവന വഴികളും ദേശസ്നേഹവും രാജ്യത്തിന്റെ മുന്നേറ്റത്തിന് കരുത്തുപകരുന്നു. പ്രൗഢഗംഭീരമായ പൂർണ്ണഗണവേഷത്തിലുള്ള സ്വയംസേവകരുടെ പഥസഞ്ചലനത്തോടെ ആരംഭിക്കുന്ന വിജയദശമി ആഘോഷം, ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സംസ്കാരത്തിനും നവചൈതന്യം പകരുമെന്ന് തത്വമയി ന്യൂസ് വിലയിരുത്തുന്നു.

