Saturday, November 7, 2026

ഹരിയാനയും പഞ്ചാബും അടക്കം നാല് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അദ്ധ്യക്ഷന്മാർ; ഹർഷ് മൽഹോത്ര ദില്ലിയിൽ പാർട്ടിയെ നയിക്കും

ദില്ലി : വരാനിരിക്കുന്ന നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി സംഘടന തലത്തിൽ വിപുലമായ അഴിച്ചുപണിയുമായി ബിജെപി. ദില്ലി , ഹരിയാന, പഞ്ചാബ്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലെ പുതിയ ബിജെപി അദ്ധ്യക്ഷന്മാരെ പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. കേന്ദ്ര സഹമന്ത്രിയും എം.പി.യുമായ ഹർഷ മൽഹോത്ര ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകും. ഡോ. അർച്ചന ഗുപ്ത ഹരിയാനയിലും, അഭിഷേക് ദേബ്രോയ് ത്രിപുരയിലും പാർട്ടിയെ നയിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പഞ്ചാബ് ഘടകത്തിന്റെ അമരത്തേക്ക് മുതിർന്ന നേതാവ് കേവൽ സിംഗ് ധില്ലനെയാണ് നിയോഗിച്ചിരിക്കുന്നത്.

ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ആണ് പുതിയ സംസ്ഥാന അദ്ധ്യക്ഷന്മാരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടായത്. പുതിയ അദ്ധ്യക്ഷന്മാരുടെ നിയമനങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരാനിരിക്കുന്ന മാസങ്ങളിൽ പാർട്ടിയിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ നടക്കാൻ പോകുന്ന വലിയ തോതിലുള്ള പുനഃസംഘടനകളുടെ തുടക്കമായാണ് ഈ പുതിയ നിയമനങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കേന്ദ്ര നേതൃത്വവും പ്രാദേശിക ഘടകങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈസ്റ്റ് ദില്ലിയിൽ നിന്നുള്ള ലോക്സഭാ അംഗമായ ഹർഷ മൽഹോത്ര, ദില്ലി രാഷ്ട്രീയത്തിൽ താഴെത്തട്ടിൽ മികച്ച സംഘടനാ പരിചയമുള്ള നേതാവാണ്. നിലവിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ, ഉപരിതല ഗതാഗത മന്ത്രാലയങ്ങളുടെ സഹമന്ത്രിയായ അദ്ദേഹം മുൻപ് ദില്ലി ബിജെപിയുടെ ജനറൽ സെക്രട്ടറിയായും ഈസ്റ്റ് ദില്ലി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.

പഞ്ചാബ് അദ്ധ്യക്ഷനായി നിയമിതനായ കേവൽ സിംഗ് ധില്ലൻ മുൻപ് ബർണാലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. 2022-ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഹരിയാനയുടെ ചുമതല ലഭിച്ച അർച്ചന ഗുപ്ത റേഡിയോളജിസ്റ്റും നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു.

ത്രിപുരയിലെ പുതിയ അദ്ധ്യക്ഷൻ അഭിഷേക് ദേബ്രോയ് നിലവിൽ മാതാർബാരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. സംസ്ഥാന തലങ്ങളിലെ ഈ നേതൃമാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ബി.ജെ.പിക്ക് പുതിയ ഉണർവ് നൽകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

Related Articles

Latest Articles