ദില്ലി : ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയുടെ (UPI) അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ വ്യാപിക്കുന്നു. ഉസ്ബെക്കിസ്ഥാനിലും ഇനി ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും വിദ്യാർഥികൾക്കും തങ്ങളുടെ പതിവ് യുപിഐ ആപ്പുകൾ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനാകും.
ഉസ്ബെക്കിസ്ഥാനിലെ ദേശീയ ക്യുആർ കോഡായ ‘UZQR’ സ്കാൻ ചെയ്താണ് വ്യാപാരികൾക്ക് തൽക്ഷണം പണമടയ്ക്കാൻ കഴിയുക. ഇന്ത്യയുടെ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ NPCI International Payments Limited (NIPL)-ഉം ഉസ്ബെക്കിസ്ഥാനിലെ ദേശീയ പേയ്മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്ന National Interbank Processing Centre (NIPC)-ഉം ഓഗസ്റ്റ് 30ന് വാണിജ്യ കരാറിൽ ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് കരാർ പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉസ്ബെക്കിസ്ഥാൻ സെൻട്രൽ ബാങ്കിന്റെയും അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉസ്ബെക്കിസ്ഥാനുമായി കരാർ യാഥാർഥ്യമാകുന്നതോടെ യുപിഐ സേവനം ലഭ്യമാകുന്ന രാജ്യങ്ങളുടെ എണ്ണം 10 ആയി. സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ, ഗ്രീസ് എന്നിവിടങ്ങളിലും വിവിധ രീതികളിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനങ്ങൾ ലഭ്യമാണ്.
ഇന്ത്യൻ യാത്രികർക്ക് വിദേശത്ത് കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. അതേസമയം, മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുപിഐയുടെ ആഗോള വ്യാപനം വർധിപ്പിക്കുന്നതിനുമുള്ള നീക്കമായാണ് ഉസ്ബെക്കിസ്ഥാൻ കരാറിനെ വിലയിരുത്തുന്നത്.
ഇന്ത്യയിൽ വൻ ജനപ്രീതി നേടിയ യുപിഐയെ ആഗോള ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായി ഉയർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പുതിയ കരാർ കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

