രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ രാസരഹിത പ്രകൃതികൃഷിയിലേക്ക് മാറണമെന്നും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ ഇന്ത്യ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ഭാരത് അഗ്രികൾച്ചർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൈവകൃഷിയല്ല, പ്രകൃതികൃഷിയാണ് രാജ്യത്തിന് ആവശ്യമെന്നും പരമ്പരാഗത അറിവുകളും ശാസ്ത്രീയ സമീപനങ്ങളും സംയോജിപ്പിച്ചുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പശുവിൽ നിന്ന് ലഭിക്കുന്ന ചാണകം ഉപയോഗിച്ച് 30 ഏക്കർ ഭൂമിയിൽ പ്രകൃതികൃഷി നടത്താൻ ആവശ്യമായ വളം ലഭിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും മോദി പറഞ്ഞു. രാസവസ്തുക്കളുടെ അമിത ഉപയോഗത്തിലൂടെ ഭൂമിയെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. പ്രകൃതികൃഷിയുടെ ഗുണങ്ങൾ കർഷകർക്ക് നേരിട്ട് ബോധ്യപ്പെടുത്താൻ പുരോഗമന കർഷകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്ക് പുതിയ കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം. ഡ്രോൺ സാങ്കേതികവിദ്യ, സൗരോർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഉപകരണങ്ങൾ എന്നിവ കൃഷിച്ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗോതമ്പ്, അരി, കരിമ്പ് തുടങ്ങിയ പരമ്പരാഗത വിളകൾക്കപ്പുറം ക്ഷീരോൽപ്പാദനം, മത്സ്യകൃഷി, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, ഉദ്യാനകൃഷി തുടങ്ങിയ മേഖലകളിലൂടെ കർഷകർ വരുമാനസ്രോതസ്സുകൾ വികസിപ്പിക്കണമെന്നും മോദി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കും പ്രാധാന്യം നൽകണം. രാജ്യത്തിന്റെ കാർഷിക കയറ്റുമതി പ്രതിവർഷം നാല് ലക്ഷം കോടി രൂപ കടന്നതായും കഴിഞ്ഞ ദശകത്തിൽ കാർഷിക മേഖലയിൽ ശരാശരി നാല് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം മണ്ണിന്റെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും ഉറപ്പാക്കുന്ന സുസ്ഥിര കാർഷികരീതികളാണ് രാജ്യത്തിന് ആവശ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

