Monday, November 23, 2026

ടെക്നോപാർക്കിലെ ടൂൺസ് ആനിമേഷനിൽ കൂട്ടപ്പിരിച്ചുവിടൽ: പ്രതിഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രമുഖ ആനിമേഷൻ സ്ഥാപനമായ ടൂൺസ് ആനിമേഷനിൽ കൂട്ടപ്പിരിച്ചുവിടൽ നീക്കത്തിനെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം. ദീർഘകാലമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടെ ഒഴിവാക്കാൻ മാനേജ്‌മെന്റ് നീക്കം നടത്തുന്നതായാണ് ജീവനക്കാരുടെ ആരോപണം. കമ്പനിയിലെ സാമ്പത്തിക പ്രതിസന്ധിയും പുതിയ പ്രോജക്ടുകളുടെ കുറവുമാണ് ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാൽ വർഷങ്ങളായി സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച ജീവനക്കാരെപ്പോലും പെട്ടെന്ന് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

ജീവനക്കാരുടെ ആരോപണമനുസരിച്ച്, കൃത്യമായ രേഖാമൂലമുള്ള ഉത്തരവുകൾ നൽകാതെ പലരെയും ‘സ്റ്റുഡിയോ ഓഫ്’ എന്ന പേരിൽ ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ഈ കാലയളവിൽ ശമ്പളം നിഷേധിച്ചതായും ചിലരെ രാജിവെക്കാൻ നിർബന്ധിച്ചതായും പരാതിയുണ്ട്. തൊഴിൽ സുരക്ഷയും നിയമപരമായ ആനുകൂല്യങ്ങളും ഉറപ്പാക്കാതെ ജീവനക്കാരെ പുറത്താക്കാനുള്ള നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മാനേജ്‌മെന്റിന്റെ നടപടികളിൽ വ്യക്തത വേണമെന്നും അർഹമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

അതേസമയം, ഈ തൊഴിൽ പ്രതിസന്ധിക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയും പ്രോജക്ടുകളുടെ കുറവും മാത്രമാണോ, അതോ ആഗോള ആനിമേഷൻ മേഖലയിൽ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനവും ഇതിന് കാരണമാകുന്നുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്. ആനിമേഷൻ, ഗ്രാഫിക്സ് മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം പരമ്പരാഗത തൊഴിൽ മേഖലകളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ടൂൺസ് ആനിമേഷനിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദം ടെക്നോപാർക്കിലെ ഐടി-ക്രിയേറ്റീവ് മേഖലയിലെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്കും വഴിതുറക്കുകയാണ്.

Related Articles

Latest Articles