മണ്ഡലകാലം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച തീർത്ഥാടക തിരക്കില്ലാതെ ശബരിമല സന്നിധാനം. വെർച്വൽ ക്യൂ വഴി ദർശനത്തിനായി സ്ലോട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും ബുക്ക് ചെയ്തവരിൽ വലിയൊരു വിഭാഗം എത്തുന്നില്ലെന്നതാണ് ആശങ്കയാകുന്നത്. ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തവരിൽ 60 ശതമാനത്തിൽ താഴെ പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങും യഥാർത്ഥ തീർത്ഥാടക സാന്നിധ്യവും തമ്മിലുള്ള വലിയ അന്തരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്
പ്രതിസന്ധിക്ക് പിന്നിൽ വെർച്വൽ ക്യൂ സംവിധാനത്തിലെ ദുരുപയോഗമുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ ഉൾപ്പെടെ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് പിന്നീട് തീർത്ഥാടകർക്ക് മറിച്ചുവിൽക്കുന്നുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബുക്കിങ് സംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ച് സ്ലോട്ടുകൾ തടഞ്ഞുവയ്ക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ അധികൃതർ ഐപി വിലാസങ്ങൾ പരിശോധിക്കുന്നതടക്കമുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബുക്കിങ് ലഭിക്കാത്ത യഥാർത്ഥ തീർത്ഥാടകർക്ക് അവസരം ഒരുക്കുന്നതിനായി പ്രതിദിന വെർച്വൽ ക്യൂ പരിധി 5,000 ആയി വർധിപ്പിച്ചിട്ടുണ്ട്. ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തവർക്ക് വീണ്ടും ബുക്കിങ് അനുവദിക്കാതിരിക്കുക, റദ്ദാക്കൽ സൗകര്യം ഏർപ്പെടുത്തുക, ആധാർ ഒടിപി പരിശോധന ശക്തമാക്കുക തുടങ്ങിയ പരിഷ്കാരങ്ങളും പരിഗണനയിലാണ്.

