ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ജന്മനാടായ റാഞ്ചിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന ഉയർന്ന പ്രദേശമായ സാംബോ ഹില്ലിലാണ് പുതിയ വീടിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം രണ്ട് ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം. തിരക്കുകളിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിൽ കഴിയാൻ കഴിയുന്ന ഇടമാണ് ധോണി ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം, ധോണിയുടെ പുതിയ വീടിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ കൗതുകമാണ് ഉയരുന്നത്. നിർമ്മാണം നടക്കുന്ന സ്ഥലം ധോണി സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റാഞ്ചിയുമായുള്ള തന്റെ ബന്ധം എന്നും നിലനിർത്തുന്ന ധോണിയുടെ പുതിയ നീക്കത്തെ ആരാധകർ ഏറെ ആവേശത്തോടെയാണ് കാണുന്നത്.
നിലവിൽ റാഞ്ചിയിലുള്ള ധോണിയുടെ ആഡംബര ഫാംഹൗസും അതിന്റെ സൗകര്യങ്ങളും നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. വിശാലമായ പച്ചപ്പും മനോഹരമായ കാഴ്ചകളും കൂടാതെ ധോണിയുടെ അപൂർവ വാഹനശേഖരവും ഫാംഹൗസിലെ പ്രധാന ആകർഷണങ്ങളാണ്. നിരവധി ആഡംബര കാറുകളും ബൈക്കുകളും ഉൾപ്പെടുന്ന വാഹനശേഖരം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. പുതിയ വീടിന്റെ നിർമ്മാണവാർത്ത കൂടി പുറത്തുവന്നതോടെ ധോണിയുടെ ജീവിതശൈലിയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായിരിക്കുകയാണ്.

