മീററ്റ്: മീററ്റില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാന്‍ മീററ്റില്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. നിലവില്‍ മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കാനാകില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്.
റോഡ് മാര്‍ഗമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മീററ്റിലേക്ക് പോയത്. മീററ്റിലേക്ക് പ്രവേശിക്കും മുമ്പ് ഇവരുവരെയും പൊലീസ് തടഞ്ഞു. ആ മേഖലയില്‍ പ്രശ്ന സാധ്യത നിലവിലുണ്ടെന്നും അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പൊലീസിന് ഉണ്ടായിരുന്നില്ല. അവസാനം സന്ദര്‍ശന അനുമതി ഇല്ലെന്ന് എഴുതി നല്കിയ ശേഷമാണ് വാഹനങ്ങള്‍ തിരിച്ചയച്ചത്.

