ബെയ്ജിങ് : ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച മരിച്ചവരുടെ എണ്ണം 97 ആയി. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി.അതില്‍ 97 പേര്‍ മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍ നിന്നുള്ളവരാണ്.
ഞായറാഴ്ച മാത്രം 3,062 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ വ്യക്തമാക്കി. ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്രം കേസുകള്‍ സ്ഥിരീകരിച്ചതു നേരിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഞായറാഴ്ചയോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. ഇതോടെ കൊറോണ സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171 ആയി. എന്നാല്‍ ഞായറാഴ്ച 3,281 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഹ്യുബെയില്‍ നിന്ന് 630 ആളുകള്‍ ആശുപത്രി വിട്ടതായി ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സുഖപ്പെട്ടതായി വിവരം. സ്രവം പരിശോധനയ്ക്കു വിട്ടതിന്റെ ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണ്.അതായത് പെണ്‍കുട്ടിക്ക് ഇപ്പോള്‍ വൈറസ് ബാധയില്ല. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എടുക്കുന്ന രണ്ട് സ്രവ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ആശുപത്രി വിടൂ.

