Tuesday, November 24, 2026

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C). നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് (NCTAU) ഇതുസംബന്ധിച്ച സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കിയത്. കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്തിരിക്കുന്ന വാട്സ്ആപ്പ് വെബ് സെഷൻ മറ്റൊരാൾ ദുരുപയോഗം ചെയ്താൽ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഉപയോക്താവിന്റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാനും കോൺടാക്ടുകളും ഗ്രൂപ്പ് സംഭാഷണങ്ങളും പരിശോധിക്കാനും സാധിക്കും. ഇത്തരത്തിൽ അക്കൗണ്ട് ഉടമയുടെ വ്യക്തിത്വം ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ്, ഫിഷിങ്, സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ എന്നിവ നടത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഓഫീസ് കമ്പ്യൂട്ടറുകൾ, പൊതുവായി ഉപയോഗിക്കുന്ന സംവിധാനങ്ങൾ, മറ്റുള്ളവർക്ക് പ്രവേശനമുള്ള ഉപകരണങ്ങൾ എന്നിവയിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്.

ബ്രൗസർ വിൻഡോയോ ടാബോ അടച്ചാൽ മാത്രം വാട്സ്ആപ്പ് വെബിൽനിന്ന് ലോഗ് ഔട്ട് ആകില്ലെന്നതാണ് മുന്നറിയിപ്പിലെ പ്രധാന കാര്യം. ഓരോ ഉപയോഗത്തിനുശേഷവും നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. സൈബർ കഫേകൾ, പബ്ലിക് കിയോസ്കുകൾ, ഹോട്ടൽ ബിസിനസ് സെന്ററുകൾ, മറ്റുള്ളവരുടെ കമ്പ്യൂട്ടറുകൾ തുടങ്ങിയ വിശ്വാസമില്ലാത്ത സംവിധാനങ്ങളിൽ അക്കൗണ്ട് ലോഗിൻ ചെയ്യരുത്. വാട്സ്ആപ്പ് വെബ് ഉപയോഗം അനിവാര്യമാണെങ്കിൽ വിശ്വസനീയമായ കമ്പ്യൂട്ടറിൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാമെങ്കിലും സെഷൻ അവസാനിക്കുമ്പോൾ ലോഗ് ഔട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. സർക്കാർ, സാമ്പത്തിക, ഔദ്യോഗിക, രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കമ്പ്യൂട്ടറുകളിലെ വാട്സ്ആപ്പ് വെബ് വഴി കൈമാറുന്നത് ഒഴിവാക്കണം. സ്വന്തം അക്കൗണ്ടിൽ അറിയാത്ത സന്ദേശങ്ങൾ അയച്ചതായി കാണുകയോ അസാധാരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ജാഗ്രത പാലിക്കണമെന്നും ഉപകരണങ്ങളും ബ്രൗസറുകളും സുരക്ഷാ സോഫ്റ്റ്‌വെയറുകളും കാലികമായി നിലനിർത്തണമെന്നും I4C മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles