അഹമ്മദാബാദ്: നമസ്‌തേ ട്രംപ് പരിപാടിയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴിത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ് പറഞ്ഞു.
നരേന്ദ്ര മോദിയും ഇന്ത്യയും അമേരിക്കയുടെ വലിയ സുഹൃത്താണെന്ന് പറഞ്ഞു തുടങ്ങിയ ട്രംപ്, പൗരസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രശംസിച്ചു. മോദിയുടെ പ്രവര്‍ത്തന ശൈലിയെയും ഭരണനേട്ടങ്ങളെയും ട്രംപ് പുകഴ്ത്തി. ഉറക്കംപോലും ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യയുടെ ചാമ്പ്യനാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മോദിയെ വേദിയിലിരുത്തി പാക്കിസ്ഥാനോട് അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇസ്ലാമിക തീവ്രവാദം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭീകരര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയെന്ന് ട്രംപ് വ്യക്തമാക്കി.

