Monday, December 22, 2025

പച്ചക്കറി വില കൂട്ടി വില്ക്കുന്നു, വ്യാപാരികൾക്ക് കർശന താക്കീത്

തലശ്ശേരി : കൊവിഡ് പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടി വില്പന നടത്തിയ വ്യാപാരികളെ പ്രത്യേക സ്ക്വാഡ് താക്കീത് ചെയ്തു. വില നിലവാരം ഏകീകരിക്കാന്‍ നടപടി സ്വീകരിച്ചു. അമിതവില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്താന്‍ ചൊക്ലി, ഒളവിലം, കരിയാട്, പെരിങ്ങത്തൂര്‍, കടവത്തൂര്‍ എന്നിവിടങ്ങളില്‍ സ്ക്വാഡ് ‘ പരിശോധന നടത്തി. സിവില്‍ സപ്ലൈസ്, റവന്യു, ലീഗല്‍ മെട്രോളജി എന്നിവയുടെ നേതൃത്വത്തിലാണ് സ്ക്വാഡ്.കുപ്പി വെള്ളത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച 13 രൂപയില്‍ കൂടുതല്‍ ഈടാക്കിയ മൂന്ന് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

ഒപ്പം പൊതു ജനങ്ങള്‍ക്കായി വിലനിലവാരപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അതെ സമയം കച്ചവടസ്ഥാപനങ്ങളില്‍ ആവശ്യത്തിന് അരി, പഞ്ചസാര, ഉള്ളി എന്നിവയുള്ളതായി പരിശോധനയില്‍ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എം.ഉദയന്‍, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.മനോജ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.വി.ചന്ദ്രന്‍, യു.ഷാബു, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ രജീഷ്, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് പി.പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Latest Articles