Sunday, November 29, 2026

കന്ന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവല്ല: തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേകസംഘം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്ന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഠത്തില്‍ കന്ന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ പി ജോണ്‍. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്.

കിണറ്റില്‍നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തില്‍പ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ദുരൂഹത തുടരുന്ന പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Related Articles

Latest Articles