കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.
രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.
രാത്രി എട്ട് മണിയോടെ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും.
വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് കല്‍പറ്റയിലേക്ക് പോകുക. തുടര്‍ന്ന് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.
അതിന് ശേഷം രാഹുല്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ സി വേണുഗോപാല്‍ എന്നിവര്‍ കോഴിക്കോടെത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി.
വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി രാവിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയുടെ റോഡ് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

