കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിത്തും കോടതിയിൽ നൽകുന്ന മൊഴികളിൽ ചില ‘പ്രധാനികളുടെ’ പേരുണ്ടെന്ന് സൂചന. ഇത്തരത്തിൽ കോടതിയിൽ ഇരുവരും മൊഴി നൽകിയാൽ കോടതി രേഖയിൽ ‘വമ്പൻ സ്രാവുകൾ’ എന്ന് വിശേഷിപ്പിച്ചവരുടെ അറസ്റ്റും ഉടനുണ്ടാകും.
മാത്രമല്ല, സ്വമേധയാ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവുകയും ചെയ്യും. കേസിന്റെ ഗതി മാറ്റുന്നതായിരിക്കും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സ്വപ്നയും സരിത്തും നൽകുന്ന രഹസ്യമൊഴി. നേരത്തെ, സ്വർണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും മുൻ ഐ. ടി സെക്രട്ടറി എം. ശിവശങ്കറിനു പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്ക് കൂടി ബന്ധമുണ്ടെന്ന് സരിത്തും സ്വപ്നയും കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഇതിനു ശേഷമാണ് കോടതിയിൽ ഇരുവരും രഹസ്യമൊഴി നൽകാൻ തീരുമാനിച്ചത്.