തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി പോലീസ്. 58,138 പോലീസ് ഉദ്യോഗസ്ഥർക്കാണ് സുരക്ഷാചുമതല. 11,781 സ്പെഷ്യൽ പോലീസ് ഓഫീസർമാരും ഉണ്ടാകും. പ്രശ് ന സാധ്യതയുള്ള ബൂത്തുകളിൽ അധികസുരക്ഷ ഏർപ്പെടുത്തിയതായി ഡിജിപി ലോക് നാഥ് ബെഹ്‍റ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 88 സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റേഞ്ച് ഐജിമാർ, സോണൽ എഡിജിപിമാർ, സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തിൽ എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ് ട്രൈക്കിങ് സംഘങ്ങളെ തയ്യാറാക്കിയതായും ഡിജിപി അറിയിച്ചു.
തിരഞ്ഞെടുപ്പു ജോലികൾക്കായി കേരളാ പോലീസിൽനിന്നു മാത്രം 58,138 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 3,500 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈ.എസ്.പിമാർ, 677 ഇൻസ്‌പെക്റ്റർമാർ, 3,273 എസ്.ഐ /എ.എസ്.ഐമാർ എന്നിവരും അടങ്ങിയതാണ് കേരളാ പോലീസിന്റെ സംഘം. കൂടാതെ സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയിൽനിന്ന് 55 കമ്പനി ജവാൻമാരും തമിഴ്‌നാട്ടിൽനിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കർണ്ണാടകത്തിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പു ജോലികൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ജോലികൾക്ക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരളാ പോലീസ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചു. വിരമിച്ച സൈനികർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻ.സി.സി, നാഷണൽ സർവ്വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചത്. ഇവർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഏത് അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. ഈ സംഘങ്ങൾ ഞായറാഴ്ച വൈകിട്ടുതന്നെ പ്രവർത്തനക്ഷമമായി. പോലീസ് സ്റ്റേഷൻ, ഇലക്ഷൻ സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ സ്‌ട്രൈക്കിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐ.ജിമാർ, സോണൽ എ.ഡി.ജി.പിമാർ, സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തിൽ യഥാക്രമം എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ്ട്രൈക്കിംഗ് സംഘങ്ങളെ വീതം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്‌ളൈയിങ് സ്‌ക്വാഡുകളും 412 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളും രംഗത്തുണ്ട്.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ അവർക്ക് തടസ്സമില്ലാതെ ബൂത്തുകളിൽ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി. ഈ മേഖലകളിൽ മുഴുവൻ സമയവും അതീവജാഗ്രത പുലർത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

