കൊല്‍ക്കത്ത:ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന സംഘടനയുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊൽക്കത്തയിൽ പിടിയിൽ. കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം ആണ് ഇവരെ പിടികൂടിയത്.
നജിഉര്‍ റഹ്‌മാന്‍, റബിഉള്‍ ഇസ്ളാം, സബീര്‍ എന്നിവരാണ് അറസ്‌റ്റിലായ ഭീകരര്‍. ഇവരെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് . കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ പകല്‍ പഴക്കച്ചവടക്കാരായും കൊതുക് വല വില്‍പന നടത്തിയുമാണ് മൂവരും കഴിഞ്ഞിരുന്നത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായുളള അന്വേഷണം കൊല്‍ക്കത്ത പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് ഇവര്‍ കൊല്‍ക്കത്തയിലെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. മാത്രമല്ല പത്തോളം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന വിവരവും ഇവരില്‍ നിന്ന് പ്രത്യേക ദൗത്യ സംഘത്തിന് ലഭിച്ചു. ഇതോടെ പതിനഞ്ചോളം ജെഎംബി പ്രവര്‍ത്തകരാണ് രാജ്യത്ത് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ജമ്മു കാശ്‌മീരിലേക്കും ബീഹാറിലേക്കും ഒഡീഷയിലേക്കും നുഴഞ്ഞു കയറിയവര്‍ പോയതായാണ് പോലീസ് സംശയിക്കുന്നത്. മുതിര്‍ന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് നേതാവ് അല്‍ അമീന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഭീകരര്‍ ഇന്ത്യയിലെത്തിയതെന്നാണ് പുറത്തറിയുന്ന വിവരം.
ബംഗ്ലാദേശിലെ ധാക്കയില്‍ 17 വിദേശികളുള്‍പ്പടെ 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികളാണ് ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന ഭീകര സംഘടന. ഇവര്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് 2019-ല്‍ എന്‍ഐഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അറസ്‌റ്റിലായ മൂന്ന് പേരുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബംഗ്ലാദേശ് പൊലീസുമായി കൊല്‍ക്കത്ത പൊലീസ് ആശയവിനിമയം നടത്തിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

